Tuesday, October 18, 2016

അനുസരണക്കേടുകള്‍ നല്ലതാണ്


#MyDiaryOfResistance
#SpeakOut

ഇന്നാണ് അമ്മയോട് പറഞ്ഞത്. അമ്മ ഒന്നും പറഞ്ഞില്ല. കുറേ നേരം മിണ്ടാതിരുന്നു. ഈ ദിവസങ്ങളിലെല്ലാം ഞാനേറ്റവും കൂടുതല്‍ തവണ മനസില്‍ കണ്ടത്, ഇക്കാര്യം പറയുമ്പോള്‍ അമ്മയുടെ പ്രതികരണം എങ്ങനെയാകും എന്നതായിരുന്നു. അമ്മയോട് പറയണ്ട എന്നായിരുന്നു ആദ്യം മനസിലുറപ്പിച്ചത്. പക്ഷേ, ചില വീര്‍പ്പുമുട്ടലുകളില്ലേ... അമ്മയോട് ചേര്‍ന്നിരിക്കുമ്പോള്‍ മാത്രം ഇല്ലാതാകുന്നത്... അങ്ങനെയൊരു നിമിഷത്തില്‍ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, ഏറ്റവും ലളിതവല്‍ക്കരിച്ച് പറഞ്ഞു.

ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയതിനു ശേഷം അമ്മയുമായി ചേര്‍ന്നിരിക്കാന്‍ കിട്ടുന്ന സമയം വളരെ കുറഞ്ഞു തുടങ്ങിയിരുന്നു. കാണുമ്പോള്‍, അമ്മയെ സങ്കടപ്പെടുത്തുന്നതൊന്നും പറയണ്ട എന്ന തോന്നും. എവിടെ ആണെങ്കിലും ഞാന്‍ സുരക്ഷിതയായി ഇരിയ്ക്കുന്നുണ്ട് എന്ന തോന്നല്‍ മാത്രമാണല്ലോ അമ്മയുടെ പിടിവള്ളി. ഓരോ തവണ വീട്ടില്‍ വന്നു പോകുമ്പോള്‍ അമ്മ പറയും, ശ്രദ്ധിച്ചു നടക്കണേ മോളേ ന്ന്...

ശ്രദ്ധിച്ചു തന്നെയാണ് അമ്മാ എപ്പോഴും നടക്കുന്നത്. എന്നിട്ടും അപകടങ്ങള്‍ സംഭവിക്കുന്നു. എനിയ്ക്ക് മാത്രമല്ല, പലര്‍ക്കും... വീടിനുള്ളില്‍ മാനം കാണാതെ വളര്‍ന്നിട്ട്, അങ്ങനെ ജീവിച്ചിട്ട് എനിയ്ക്ക് ഒരു ദേവകുമാരന്റേയും കിരീടത്തിലെ മയില്‍പ്പീലി ആകേണ്ട.

അമ്മയുടെ മകള്‍ അനുസരണയില്ലാത്തവളാണെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം വരുമായിരിക്കും. സാരമില്ല... അമ്മയെപ്പോലുള്ള പെണ്ണുങ്ങള്‍ നേരത്തെ ഇത്തരം അനുസരണക്കേടുകള്‍ കാണിച്ചിരുന്നെങ്കില്‍ നമ്മുടെ നാട്ടുനടപ്പുകള്‍ കുറച്ചൂടെ മാറിയേനെ... വൈകിയിട്ടില്ല... ചിലപ്പോഴൊക്കെ അനുസരണക്കേടുകള്‍ നല്ലതാണ്. അമ്മയക്ക് ഉമ്മ :)

ഇരകളാകേണ്ടവരല്ല നമ്മള്‍



കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കുറേ കാര്യങ്ങള്‍ സംഭവിച്ചു. കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ഏതൊരു സ്ത്രീയ്ക്കും സംഭവിക്കുന്നതേ എനിക്കും സംഭവിച്ചുള്ളൂ. പട്ടാപ്പകല്‍ റോഡിലൂടെ നടന്നുപോയപ്പോള്‍ ഒരാള്‍ കേറി വന്നെന്റെ മുലയ്ക്ക് പിടിച്ചു. അയാള്‍ ചെയ്ത കാര്യം ഇത്രയും പച്ചയ്ക്ക് തന്നെ പറഞ്ഞത് അയാള്‍ ചെയ്ത കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കാനാണ്. ഇതാദ്യമായല്ല ഇങ്ങനെയുള്ള സംഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വരുന്നത്. എനിയ്ക്ക് മാത്രമല്ല, പല സ്ത്രീകള്‍ക്കും സമാന അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ പലപ്പോഴും ഇങ്ങനെ ചെയ്യുന്നവര്‍ അവരുടെ ഐഡന്റിന്റി വ്യക്തമാക്കാതെ ഇരുട്ടിന്റെ മറവിലോ അല്ലെങ്കില്‍ ഹെല്‍മറ്റ് വച്ചോ അതുമല്ലെങ്കില്‍ വാഹനത്തില്‍ പാഞ്ഞു വന്ന് ശരീരത്തില്‍ കേറിപ്പിടിച്ച് കടന്നു കളയാറാണുള്ളത്. ഇങ്ങനെ വരുമ്പോള്‍ ആര്‍ക്കെതിരെ പരാതി കൊടുക്കും എന്നു പോലും അറിയാതെ ദേഷ്യവും വെറുപ്പും എല്ലാം വന്ന് വല്ലാത്ത അവസ്ഥ ആകാറുണ്ട്.

എന്നാല്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ അയാള്‍ ഓടി രക്ഷപ്പെടാന്‍ പോലും നോക്കാതെ പിന്നെയും എനിയ്ക്ക് നേരെ വരികയായിരുന്നു. അയാളുടെ വണ്ടി നമ്പര്‍ ഞാന്‍ ശ്രദ്ധിച്ചെന്ന് മനസിലാക്കിയപ്പോള്‍ മാത്രമാണ് അയാള്‍ എന്നെ പിന്തുടരുന്നത് നിറുത്തി തിരികെ പോയത്. പാലക്കാട് മുണ്ടൂര്‍ IRTC യില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുക്കാന്‍ പോകുന്ന വഴിയ്ക്കാണ് സംഭവം നടന്നത്.

സെമിനാറിന് ശേഷം പരിപാടിയുടെ സംഘാടകര്‍ക്കൊപ്പം കോങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അതിനു മുന്‍പേ പാലക്കാട് സുഹൃത്തുക്കളുടെ സഹായത്താല്‍ വണ്ടിയ്ക്കു വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നു. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള ഒരു പഴയ ബുള്ളറ്റിലായിരുന്നു അയാള്‍ എന്നെ പിന്തുടര്‍ന്നത്. പോലീസും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഞാന്‍ പരാതി കൊടുത്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അയാളെ പിടിയ്ക്കാന്‍ കഴിഞ്ഞു. ഞാന്‍ രാത്രി തന്നെ പോലീസ് സ്‌റ്റേഷനില്‍ പോയി അയാളെ തിരിച്ചറിഞ്ഞു. ഞാന്‍ പരാതി കൊടുത്തെന്ന് അറിഞ്ഞ് മറ്റൊരു പെണ്‍കുട്ടിയും പരാതിയുമായി വന്നു. ആ പെണ്‍കുട്ടിയെയും ഇയാള്‍ ഇതുപോലെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ശല്യം ചെയ്തിരുന്നു.

എന്തായാലും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. അയാളെ ഇപ്പോള്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് വേണ്ടി കുറച്ച് നടക്കേണ്ടി വന്നാലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം.

പരാതി കൊടുക്കാനും അയാളെ തിരയാനും പിന്നീട് കോടതിയില്‍ ഹാജരായപ്പോള്‍ മണിക്കൂറുകളോളം കോടതി വരാന്തയില്‍ എനിക്കൊപ്പം നില്‍ക്കാനും രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജസിട്രേറ്റ് വിസമ്മതിച്ചപ്പോള്‍ നിയമപരമായി തന്നെ നേരിട്ട,് അന്ന് തന്നെ അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാനും കൂടെ നിന്ന ഒരുപാട് പേരുണ്ട്. +Shaji Mullookkaaran മുള്ളൂക്കാരന്‍ , നന്ദേട്ടന്‍, സുധീഷേട്ടന്‍, അച്ചായന്‍ (അജിത് സക്കറിയ), രാമചന്ദ്രേട്ടന്‍, അജിലേച്ചി, മാതൃഭൂമിയിലെ ഹരിയേട്ടന്‍ പിന്നെ ഫോണിലും മറ്റുമായി ഇടപെടല്‍ നടത്തിയ സുഹൃത്തുക്കള്‍ +മത്തായി, മാതൃഭൂമിയിലെ എന്റെ സുപ്പീരിയേഴ്‌സ്, ജില്ലാ പഞ്ചായത്ത്, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍, സിപിഎം പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരേയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. 36 മണിക്കൂറോളം നീണ്ട സംഭവ പരമ്പരയില്‍ എനിയ്‌ക്കൊപ്പം നിങ്ങളും കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് അയാള്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്.

കേസ് തീര്‍ന്നിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളൂ. ഇനി കാര്യങ്ങള്‍ കോടതിയിലാണ്... ആടിനെ പട്ടിയാക്കാനും പട്ടിയെ കുട്ടിയാക്കാനും വരെ കഴിവുള്ള വക്കീലന്‍മാര്‍ വാഴുന്ന ഇടത്ത് കേസിന്റെ ഭാവിയെന്താകുമെന്നൊന്നും അറിയില്ല. പക്ഷേ, മുന്നോട്ട് തന്നെയാണ് എന്റെ വഴികള്‍. ഞാനിത് ചെയ്തില്ലെങ്കില്‍ മറ്റൊരു ജിഷയോ സൗമ്യയോ പേരില്ലാതെ ജീവിക്കേണ്ടി വരുന്ന പെണ്‍കുട്ടികളോ ഇയാളുടെ വൈകൃതത്തിന്റെ തുടര്‍ച്ചയില്‍ സംഭവിച്ചേക്കാം. അതിക്രമത്തില്‍പ്പെട്ട് കൊല്ലപ്പെടുമ്പോള്‍ മെഴുകുതിരി കത്തിയ്ക്കാന്‍ വേണ്ടി മാത്രമല്ല പൊതുബോധം ഉണരേണ്ടത്. ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടാല്‍ എന്തും പറയാം, എന്തും ചെയ്യാം എന്ന തോന്നല്‍ ഊട്ടിയുറപ്പിക്കുന്ന നമ്മുടെ വ്യവസ്ഥിതിയുണ്ടല്ലോ, അതിനെ കത്തിയ്ക്കാനാണ് മെഴുകുതിരി തെളിയിക്കേണ്ടത്.
#SpeakOut #StopViolenceAgainstWomen

Thursday, March 5, 2015

സ്വര്‍ഗത്തില്‍ ഒരിടം





ദീപാവലിയുടെ അവധി ദിവസങ്ങളിലാണ് ഹിമാചലിലേക്ക് യാത്ര പോയാലോ എന്നൊരു ആലോചന വന്നത്. മൂന്ന് ദിവസത്തെ അവധിയുണ്ട്. ഡല്‍ഹിയില്‍ നിന്ന് ആയതുകൊണ്ട് ഇത്രയും ദിവസം മതിയാകും യാത്ര പോയി വരാന്‍. ഉത്തരേന്ത്യയില്‍ ദീപാവലി വലിയ ആഘോഷമായതുകൊണ്ടു തന്നെ ഹിമാചലിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വലിയ തിരിക്കാകുമെന്ന് ഉറപ്പായിരുന്നു. തിരക്കില്ലാത്ത ഇടം തെരഞ്ഞപ്പോള്‍ കണ്ടെത്തിയത് കസോള്‍ എന്ന ഹിമാചല്‍ ഗ്രാമം. വലിയ ജനവാസമില്ലാത്ത ഗ്രാമമാണ് കസോള്‍. കൂടാതെ ട്രക്കിംഗിന് പോകുന്നവര്‍ തങ്ങുന്ന ഇടത്താവളം കൂടിയാണ് അതെന്നറിഞ്ഞപ്പോള്‍ യാത്ര അവിടേക്ക് തന്നെ ആകാമെന്ന് ഉറപ്പിച്ചു.
പെട്ടെന്നുള്ള പ്‌ളാന്‍ ആയതുകൊണ്ട് യാത്രക്ക് ഞാനും സഹമുറിയത്തിയും മാത്രം. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്കുള്ള വോള്‍വോ ബസില്‍ ആയിരുന്നു യാത്ര. രാത്രിയില്‍ ഡല്‍ഹിയില്‍ നിന്ന് കയറിയാല്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ബുന്ദറില്‍ എത്തും. കസോളില്‍ പോകാന്‍ ഞങ്ങള്‍ക്ക് ബുന്ദറിലാണ് ഇറങ്ങേണ്ടത്. അവിടെ നിന്ന് സാധാരണ ലൈന്‍ ബസ് കിട്ടും കസോളിലേക്ക്. അഞ്ചരയോടെ ഞങ്ങള്‍ ബുന്ദറിലെത്തി. അല്‍പനേരത്തെ കാത്തിരിപ്പിനു ശേഷം വെള്ളയില്‍ മഞ്ഞ പെയിന്റടിച്ച 'വര്‍ദ്ധമനേശ്വര്‍' എന്ന പേരുള്ള ബസ് പതുക്കെ ഞരങ്ങിയൊതുങ്ങി സ്റ്റോപ്പിലെത്തി. നാട്ടുകാരാണ് ബസില്‍ അധികവും. ചന്തയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുന്നവരും ബന്ധുവീടുകളിലേക്ക് പോകുന്നവരുമൊക്കെയായി നിമിഷനേരം കൊണ്ട് ബസില്‍ ജനം നിറഞ്ഞു. പൈന്‍മരക്കാടുകള്‍ക്കും ആപ്പിള്‍ തോട്ടങ്ങള്‍ക്കുമിടയിലൂടെയുള്ള ചെറിയ വഴിയിലൂടെ സോപ്പുപെട്ടി പോലെയുള്ള ബസ് വളരെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്കൊടുവില്‍ ഞങ്ങള്‍ കസോളിലെത്തി.
ചെറിയ പട്ടണമാണ് കസോള്‍. ടൂറിസ്റ്റുകള്‍ക്കായി നിരവധി ഹോട്ടലുകളും ഹോം സ്‌റ്റേകളും ഒക്കെയുള്ള ഇടം. പല നിറങ്ങളിലുള്ള കമ്പിളി വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന കടകള്‍ കാണാന്‍ തന്നെ ബഹുരസം. കുറച്ചു നേരം ടൗണില്‍ കറങ്ങി നടന്ന് അധികം തിരക്കില്ലാത്ത ഒരു ഹോംസ്‌റ്റേ കണ്ടെത്തി. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് വീട്. തടികൊണ്ടുണ്ടാക്കിയ രണ്ടു നിലയുള്ള വീടാണ്. ചുറ്റും ആപ്പിള്‍ മരങ്ങള്‍. ദൂരെ മഞ്ഞുമൂടിയ പര്‍വതങ്ങള്‍. ഒരു രാത്രി തങ്ങാന്‍ 500 രൂപ. ഞങ്ങള്‍ കുളിച്ച് ഉഷാറായി അടുത്ത പരിപാടിയെന്തെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് എന്റെ കൂട്ടുകാരി ഗ്രാഹണ്‍ ഗ്രാമത്തെ കുറിച്ച് പറയുന്നത്. കസോളില്‍ നിന്ന് 10 കിലോമീറ്റര്‍ കാട്ടിലൂടെ നടന്നു വേണം അവിടെയെത്താന്‍. ഗതാഗതസൗകര്യങ്ങളോ മറ്റ് ആധുനികസംവിധാനങ്ങളോ ഒന്നും ഇല്ലാത്ത ഒരു പുരാതന ഗ്രാമം. ഒരു ദിവസം അവിടെ താമസിച്ച് പിറ്റേന്ന് തിരിച്ചു വരാമെന്നുള്ള പരിപാടിയിട്ട് ഞങ്ങള്‍ ഇറങ്ങി. വഴി പറഞ്ഞു തരാന്‍ ഗൈഡിനെ കിട്ടിയാല്‍ നന്നാകുമെന്ന് ഹോംസ്‌റ്റേ നടത്തുന്ന ദീദി പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ടൗണിലെത്തി. 1000 രൂപ തരാമെന്ന് പറഞ്ഞിട്ടു പോലും ആരേയും കിട്ടിയില്ല. അവസാനം ഒരു കുതിരക്കാരനെ കണ്ട് കാര്യം ധരിപ്പിച്ചു. അദ്ദേഹം അരമണിക്കൂറിനുള്ളില്‍ തന്നെ ഒരാളെ തപ്പിയെടുത്ത് കൊണ്ടു വന്നു. പേര് അമര്‍. കൂളിംഗ് ഗ്‌ളാസ് ഒക്കെ വച്ച മെലിഞ്ഞ ഒരു മധ്യവയസ്‌കന്‍. ചിരിക്കുമ്പോള്‍ മുന്‍നിരയിലെ കേടായ പല്ലുകള്‍ ഒക്കെ തെളിഞ്ഞു കാണാം. എഴുപതുകളിലെ ഹിന്ദി സിനിമകളിലെ വില്ലന്‍മാരുടെയൊക്കെ രൂപം ഓര്‍മ വരും അദ്ദേഹത്തെ കാണുമ്പോള്‍. വേറെ വഴിയില്ലാത്തതുകൊണ്ടും ഗ്രാഹണ്‍ ഗ്രാമം കാണാനുള്ള ആഗ്രഹം വേണ്ടാന്നു വയ്ക്കാന്‍ മനസു വരാത്തതുകൊണ്ടും ഞങ്ങള്‍ അമര്‍ജിക്കൊപ്പം കാടു കയറാന്‍ തീരുമാനിച്ചു.
മനസില്‍ ആശങ്കകള്‍ വളര്‍ന്നുകൊണ്ടിരുന്നു. കാട്ടിലൂടെയാണ് നടക്കേണ്ടത്. അമര്‍ജിയേയോ ആ കുതിരക്കാരനേയോ മുന്‍ പരിചയം ഇല്ല. കാട്ടില്‍ വച്ച് ഇയാള്‍ ഉപദ്രവിച്ചാല്‍ എന്ത് ചെയ്യും... സഹായത്തിന് ആരെയെങ്കിലും വിളിച്ചാല്‍ കൂടി കാട്ടിനുള്ളില്‍ ആരെത്താനാണ്.... ആകെയുള്ള സമാധാനം അമര്‍ജിക്കൊപ്പം അദ്ദേഹത്തിന്റെ മകനും ഉണ്ട് എന്നതായിരുന്നു. ആറാം ക്‌ളാസില്‍ പഠിക്കുന്ന രാഹുല്‍. ഓറഞ്ച് നിറത്തിലുള്ള വലിയ ജാക്കറ്റ് ധരിച്ചാണ് അവന്റെ നടപ്പ്. അച്ഛനും മകനും പരസ്പരം സംസാരിക്കുന്നത് പഹാഡി ഭാഷയാണ്. ഞങ്ങളോട് ഹിന്ദിയും. തലേ ദിവസം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി മലയിറങ്ങിയതാണ് അച്ഛനും മകനും. ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അമര്‍ജിക്ക് വലിയ സന്തോഷം. കടല്‍ ഒക്കെയുള്ള സ്ഥലമല്ലേ എന്ന് ഞങ്ങളോട് അന്വേഷിച്ചു. അമര്‍ജി സിനിമയില്‍ അല്ലാതെ കടല്‍ നേരില്‍ കണ്ടിട്ടില്ല!!! ഞങ്ങള്‍ അദ്ദേഹത്തോട് കടലിനെക്കുറിച്ചും അദ്ദേഹം ഞങ്ങളോട് പര്‍വതങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്നു. മൂന്നു മണിക്കൂറുകള്‍ കടന്നു പോയപ്പോഴേക്കും അമര്‍ജി ഞങ്ങളുടെ ആശങ്കകളെ അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ പുഞ്ചിരി കൊണ്ട് മായ്ച്ചു കളഞ്ഞിരുന്നു. കടലിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ അല്‍ഭുതം കൊണ്ട് വികസിച്ചു. രാഹുലിനേക്കാളും കൗതുകത്തോടെയാണ് അമര്‍ജി വിശേഷങ്ങള്‍ കേട്ടത്.
രസകരമാണ് അമര്‍ജിയുടെ കഥ. കസോളിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് അമര്‍ജി വളര്‍ന്നത്. പര്‍വതങ്ങള്‍ കയറി നടക്കാന്‍ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ അങ്ങനെയൊരു കറക്കത്തിനിടയില്‍ ഗ്രാഹണ്‍ ഗ്രാമത്തില്‍ എത്തിപ്പെട്ടതാണ് അദ്ദേഹം. അവിടെ വച്ച് ഗ്രാമത്തിലെ പെണ്‍കൊടിയുമായി പ്രണയത്തിലായി. വിവാഹം കഴിഞ്ഞതോടെ കൃഷിയും കാര്യങ്ങളുമായി അദ്ദേഹവും ഗ്രാഹണ്‍ ഗ്രാമക്കാരനായി.
മഴക്കാടുകളിലൂടെ നിരവധി യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഹിമാലയന്‍ കാടുകള്‍ പുതിയ അനുഭവമായിരുന്നു. ആകെ അറിയാവുന്നത് പൈന്‍ മരങ്ങള്‍ മാത്രം. പേരറിയാത്ത മരങ്ങള്‍ തിങ്ങിനിറഞ്ഞ കാട്ടിനുള്ളിലൂടെ ഒരു ഒറ്റയടിപ്പാത. അരികിലൂടെ ഒരു അരുവി ഒഴുകുന്നു. ഇടയ്ക്ക് ചില പുല്‍മേടുകള്‍... പിന്നെയും പച്ചയും ഇളം മഞ്ഞയും നിറങ്ങളിലുള്ള ഇലകള്‍ കുട പിടിച്ച കാടുകള്‍... സൂര്യപ്രകാശം അരിച്ചിറങ്ങുന്ന വെളിച്ചത്തിന്റെ ഇടനാഴികള്‍ താണ്ടി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടയ്ക്കല്‍പനേരം ഇരുന്ന് വിശ്രമിച്ചു. പാതി വഴി പിന്നിട്ടപ്പോള്‍ ഞങ്ങളുടെ നടത്തം പതുക്കെയെന്ന് മനസിലാക്കി വഴി കാണിച്ചു തരേണ്ട ഉത്തരവാദിത്തം രാഹുലിനെ ഏല്‍പിച്ച് അമര്‍ജി മുന്നില്‍ നടന്നു. കുത്തനെയുള്ള കയറ്റം അനായാസമായി അദ്ദേഹം കയറിപ്പോകുന്നത് കിതപ്പോടെ ഞങ്ങള്‍ നോക്കി നിന്നു. പാറയില്‍ അള്ളിപ്പിടിച്ചും നിരങ്ങിയും ഞങ്ങള്‍ മല കയറുമ്പോള്‍ മുകളിലുള്ള ഏതെങ്കിലും മരത്തില്‍ കയറി ഞങ്ങളെ നിരീക്ഷിക്കുകയാകും രാഹുല്‍. ആറരമണിക്കൂര്‍ വേണ്ടി വന്നു ഞങ്ങള്‍ക്ക് ഗ്രാമത്തില്‍ എത്തിച്ചേരാന്‍.
ഗ്രാഹണ്‍ ഗ്രാമം വേറൊരു ലോകമാണ്. അവര്‍ക്കാവശ്യമായ എല്ലാം അവര്‍ അവിടെ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നു. എല്ലാ വീട്ടിലും ഉണ്ട് കമ്പിളിതുണി നെയ്യാനുള്ള തറികള്‍. മഞ്ഞുകാലത്തേക്ക് ആവശ്യമായ ധാന്യങ്ങളും മറ്റും ശേഖരിച്ചു വയ്ക്കാനുള്ള സൗകര്യവും ഓരോ വീട്ടിലുമുണ്ട്. ഒരു എല്‍.പി സ്‌കൂളും ക്ഷേത്രവുമാണ് ഗ്രാമത്തിലെ ആകെയുള്ള വലിയ കെട്ടിടങ്ങള്‍. തദ്ദേശീയമായി നിര്‍മിച്ചവയാണ് എല്ലാ വീടുകളും. മണ്ണ്, മരം, കല്ല്, പുല്ല് എന്നിങ്ങനെ അവിടെ ലഭ്യമായ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മാണം.
യൂത്ത് ഹോസറ്റല്‍ സംഘടിപ്പിക്കുന്ന ട്രക്കിംഗിനായി വരുന്നവരൊഴിച്ചാല്‍ ഗ്രാഹണ്‍ ഗ്രാമത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതുകൊണ്ടു തന്നെ ഗ്രാമത്തിലേക്ക് കടന്നതും എല്ലാവരും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നമസ്‌തേ പറഞ്ഞുകൊണ്ടിരുന്നു. രാഹുല്‍ ആകട്ടെ 'പരിഷ്‌കാരി'കളായ രണ്ടു പെണ്‍കുട്ടികളുടെ സ്വന്തം ആളെന്ന നിലയില്‍ അഭിമാനത്തോടെ മുന്നില്‍ നടന്ന് കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്നവര്‍ക്കൊക്കെ മറുപടിയും കൊടുത്ത് മുന്നേറി. തണുപ്പും വിശപ്പും കൊണ്ട് ഞങ്ങള്‍ ഏതാണ്ട് അവശനിലയില്‍ ആയിരുന്നു. ഞങ്ങള്‍ക്ക് താമസിക്കാന്‍ ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസും അവിടെ തന്നെ ഭക്ഷണവും ശരിയാക്കിയിട്ടുണ്ടെന്ന് അപ്പോഴാണ് രാഹുല്‍ പറയുന്നത്. ഒരു അരുവിക്കപ്പുറം വലിയൊരു പുല്‍മേടിന് നടുവില്‍ നില്‍ക്കുന്ന ഗസ്റ്റ് ഹൗസ് ചൂണ്ടിക്കാട്ടി അവിടെയാണ് നിങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞ് രാഹുല്‍ താഴേക്കുള്ള വഴിയിലെങ്ങോ ഓടി മറഞ്ഞു. വഴി കാണിച്ചു തന്നതിന് 1000 രൂപ നല്‍കാമെന്ന് പറഞ്ഞത് അതുവരേയും കൊടുത്തിരുന്നില്ല. രാഹുലിനെ വിളിച്ചിട്ട് അവന്‍ നിന്നതുമില്ല. അവസാനം അമര്‍ജിയുടെ വീടന്വേഷിച്ച് പിടിച്ച് ഞങ്ങള്‍ അവിടെയെത്തി. എന്നാല്‍ പണം സ്വീകരിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേടായ പല്ലുകള്‍ കാട്ടി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം കൈകള്‍ കൂപ്പി.
കാഴ്ചയുടെയും ചിന്തയും മുന്‍വിധികള്‍ നിരത്തി മനുഷ്യരെ സംശയത്തോടെ വീക്ഷിക്കുന്ന പരിഷ്‌കൃത മനസിന്റെ അഹന്തകളും അരക്ഷിതാവസ്ഥകളും ആ പുഞ്ചിരിക്കു മുന്നില്‍ വീണുടയുന്നതായി തോന്നി. മതിലുകളും അതിരുകളും തിരിക്കാത്ത തുറന്ന മനസുകളുള്ള അവരുടെ സ്വര്‍ഗത്തിലേക്ക് ഒരു ദിവസത്തേക്കെങ്കിലും അതിഥികളാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമായിരുന്നു അപ്പോള്‍ മനസ് മുഴുവന്‍.

Friday, August 23, 2013

ലേഡീസ് കമ്പാർട്ട്മെന്റ്

എല്ലാ കമ്പാർട്ട്മെന്റിലും തിരക്കായതിനാൽ ഒഴിഞ്ഞ സീറ്റ് തേടിയുള്ള എന്റെ അന്വേഷണം അവസാനിച്ചത് തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റിയിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ ആയിരുന്നു. ഞായറാഴ്ച ആയിരുന്നതുകൊണ്ട്ടാവാം തീരെ തിരക്കുണ്ടായിരുന്നില്ല. കോയമ്പത്തൂർ നിന്ന് ടി-ഗാർഡനിൽ കേറുമ്പോഴും മിക്കവാറും ഞാൻ കയറാൻ ഇഷ്ടപ്പെടുന്നതും ലേഡീസ് കമ്പാർട്ട്മെന്റിൽ തന്നെ. ഇതൊരു വേറെ ലോകമാണെന്ന് തോന്നിയിട്ടില്ല. എങ്കിലും ഈ ഇടതിന് ചില പ്രത്യേകതകൾ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്ത്രീകൾ പരസ്പരം, ഉറക്കെ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന കാഴ്ച ലേഡീസ്  കമ്പാർട്ട്മെന്റുകളുടെ മാത്രം പ്രത്യേകതയാണ്. ജെനറൽ കമ്പാർട്ട്മെന്റുകളിൽ ഇത്തരം സംഭാഷണങ്ങൾ നടന്നു കൂടായ്കയില്ല എന്നതല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ച് ലേഡീസ് കമ്പാർട്ട്മെന്റ് അൽപം  കൂടി സ്വകാര്യത സ്ത്രീകൾക്ക് നൽകുന്നുണ്ട്. അതുകൊണ്ടാവാം, ഇവിടെ ഉറക്കെ സ്ത്രീകൾ അവരുടെ വിശേഷങ്ങൾ പറയുന്നു. ആകുലതകൾ  പങ്കു വയ്ക്കുന്നു.
ഒന്നും മിണ്ടാതെ ഇരുന്ന് ശ്രദ്ധിച്ചാൽ രസകരമാണ് ഈ സംഭാഷണങ്ങൾ ഒക്കെ... ടി-ഗാർഡനിൽ പുലർകാലത്ത്‌ പാലക്കാടും ഏറണാകുളത്തും പൂക്കൾ വിൽക്കാനെത്തുന്ന തമിഴ് സ്ത്രീകളുടെ പാതി മാത്രം മനസ്സിലാകുന്ന ജീവിത വിശേഷങ്ങൾ ആണ് കാതോർക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റിയിൽ വിശേഷങ്ങൾക്ക് ഒരു കൃഷ്ണമണം ഉണ്ട്. ടി-ഗാർഡൻ ഒരു രാവിൽ തുടങ്ങി അടുത്ത പുലർച്ചയിൽ കിതചെത്തുമ്പോൾ ഇന്റർസിറ്റി ഒരു സന്ധ്യയിൽ നിന്ന് പാതിരാവിലേക്ക് കൂകിപ്പായുന്നു.......  ഒന്നിന് പൂക്കളുടെ മണം ആണെങ്കിൽ മറ്റൊന്നിന് ഭക്തിയുടെ കർപ്പൂരഗന്ധം ...

കേരളത്തിലെ സ്ത്രീകൾ വല്ലാത്തൊരു അസുരക്ഷിതാവസ്ഥയെ കുറിച്ച് വേവലാതി പെടുന്നത് മിക്കപ്പോഴും ഇത്തരം ട്രെയിൻ സംഭാഷണങ്ങളിൽ കേൾക്കാറുണ്ട്. പ്രത്യേകിച്ചും  സൌമ്യ സംഭവത്തിന്‌ ശേഷം ... ലേഡീസ് കമ്പാർട്ട്മെന്റിൽ ആളോഴിയുമ്പോൾ, ഇറങ്ങേണ്ട സ്റ്റേഷൻ ഇനിയും ദൂരെയാണെങ്കിൽ, വാതിലുകൾ അടച്ചോ എന്ന് ഉറപ്പു വരുത്താൻ ഇറങ്ങി പോകുന്ന ചേച്ചിമാർ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് ... അത്രയും നേരം സംസാരിച്ചില്ലെങ്കിൽ പോലും ഈ കാര്യം സംസാരിക്കാൻ ഒരു പ്രത്യേക കരുതൽ കാണിക്കാറുണ്ട് ... രാത്രിയിലുള്ള യാത്ര ആണെങ്കിൽ ഉറക്കത്തിൽ പോലും ഒരു ജാഗ്രത ഉണ്ടാകും ...  എല്ലാം മറന്നുകൊണ്ടുള്ള ഉറക്കം വളരെ അപൂർവം .... ഞാൻ പലപ്പോഴും രാത്രി ജോലി ചെയ്യുന്നതുകൊണ്ട് യാത്രയിൽ ഉറക്കം സ്ഥിരമാണ് .... അതിനു പകലോ രാത്രിയോ എന്നില്ല .... ഞാൻ ഇങ്ങനെ ഉറങ്ങുന്നത് കാണുമ്പോൾ ലേഡീസ് കമ്പാർട്ട്മെന്റിലെ മറ്റു യാത്രക്കാർ എന്നെ ഗുണദോഷിക്കുന്നത് പതിവാണ്. എന്നാൽ കേരളത്തിന്‌ പുറത്തുള്ള യാത്രകളിൽ എന്റെ അനുഭവം മറിച്ചാണ് ... രാത്രിയാണ് യാത്രയെങ്കിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ തൊട്ടിലുകൾ തൂങ്ങിയാടും .... വെറും നിലത്തും, പേപ്പർ വിരിച്ചും സ്വസ്ഥമായി സ്ത്രീകൾ കിടന്നുറങ്ങും. പലപ്പോഴും അവരെയൊക്കെ കൃത്യ സ്റ്റേഷനുകൾ എത്തുമ്പോൾ വിളിച്ച് എഴുന്നേല്പ്പിക്കാൻ ഉള്ള ഉത്തരവാദിത്തം ഒരൽപം ഭയപ്പാടോടെ കണ്ണ് മിഴിച്ചിരിക്കുന്ന മലയാളികൾക്ക് ആയിരിക്കും. അവർ ജീവിക്കുന്ന ചുറ്റുപാട് എപ്പോഴും അരക്ഷിതമായി തുടരുന്നത് കൊണ്ടാവാം
 അവർക്ക് ഇതൊക്കെ ശീലമായത് എന്നൊക്കെ ഞാൻ ചിന്തിച്ചു പോകാറുണ്ട് .... എങ്കിലും അവരുടെ കണ്ണുകളിൽ വല്ലാത്തൊരു ധൈര്യം തിളങ്ങുന്നത് കാണാം... നക്ഷത്രങ്ങൾ ഒളിച്ചിരിക്കുന്നിടത്ത് മിന്നാമിനുങ്ങുകൾക്ക് മിന്നാതിരിക്കാനാവില്ലല്ലോ !!!   

Thursday, October 4, 2012

ഉള്ളില്‍ ചില മരങ്ങള്‍ പെയ്യുന്നു



Painting: Vincent van Gogh

പള്ളിമുറ്റത്ത്, ആകാശത്തിന്റെ അനന്തതയിലേക്കും ഭൂമിയുടെ ആഴങ്ങളിലേക്കും കയ്യും മെയ്യും വിരിച്ച് നിന്നിരുന്ന സന്യാസിമരമാണ് അതിരുകളില്ലാത്ത ആകാശത്തെ കാട്ടി ആദ്യം മോഹിപ്പിക്കുന്നത്. മഞ്ഞപ്പൂക്കള്‍ പക്ഷികളെപ്പോലെ വന്നിരുന്ന അതിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കിടെ നിറം മാറുന്ന ആകാശത്തെ നോക്കി ഞാന്‍ കൊതിച്ചു. ഭൂമിയുടെ താഴ്ചയ്ക്കും ആകാശത്തിന്റെ പരപ്പിനും ഇടയില്‍ ധ്യാനനിമഗ്നനായി നില്‍ക്കുന്ന ഈ സന്യാസിമരത്തിനല്ലാതെ മറ്റാര്‍ക്കാണ് ജീവന്റെ ആഴവും പരപ്പും പറഞ്ഞ് കൊടുക്കാനാകുക?
അതുകൊണ്ടാവണം അറിവ് പകരുന്ന ഇടങ്ങളിലെല്ലാം പണ്ടുള്ളവര്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. ഓരോ കുരുന്നും അറിവിലേക്ക് കൌതുകക്കണ്ണോടെ കയറിച്ചെല്ലേണ്ടത് എല്ലാമറിയുന്ന ഈ ‘ബോധി’ വൃക്ഷങ്ങളുടെ തണല്‍ പറ്റിയാകണം. ഓരോ കുഞ്ഞിനും സ്വയം ഇറക്കിവെക്കാനുള്ള കനിവിന്റെ ഇത്തിരി അലിവിടമെങ്കിലും അവിടെ ഉണ്ടായിരിക്കണം.
അതിനാലാവണം, കുഞ്ഞു സങ്കടങ്ങള്‍ ഉള്ളു കയറി വരുമ്പോള്‍ ഞാനും കുന്നു കയറി സന്യാസി മരത്തിനടുത്തെത്തിയത്. സങ്കടത്താല്‍ ഉരുകിയത്. അപ്പോഴൊക്കെയും, ഭൂമിയുടെ ഉള്ളറകളില്‍ നിന്ന് വലിച്ചെടുത്ത അഭയത്തിന്റെ ഒരു കാറ്റല മരത്തണുപ്പിന്റെ ഇഴകളോടെ എന്റെ നെറുകയില്‍ തട്ടിത്തൂവുമായിരുന്നു. വലിയ വലിയ സന്തോഷങ്ങളുടെ നിറവെയിലിലും ഞാനവിടെ ചെല്ലാറുണ്ട്. അന്നേരവുമെത്തും സന്യാസമരത്തിന്റെ സാന്ത്വനക്കൈ. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ ശിഖരം ഇലചാര്‍ത്തു കുലുക്കി എന്റെ സന്തോഷത്തിലേക്ക് ചേര്‍ന്നു നില്‍ക്കും.

 ഒപ്പമുണ്ടായിരുന്നു മരത്തഴപ്പ്
മരങ്ങള്‍ക്ക് ജീവനുണ്ടെന്നും നാം പറയുന്നതൊക്കെ അവര്‍ മനസ്സിലാക്കുമെന്നും ക്ലാസ്സിലൊരുനാള്‍ സോഫിയാമ്മ ടീച്ചര്‍ പറഞ്ഞു. കണ്ണ് മിഴിച്ചിരുന്ന ഒരു മുഴുവന്‍ ക്ലാസിനെയും നോക്കി എന്നെ അറിയുന്ന, ഞാനറിയുന്ന മരങ്ങളെ കുറിച്ച് പറയാന്‍ വാക്കുകള്‍ കുതിച്ചുയര്‍ന്നതാണ്. അവര്‍ കളിയാക്കുമോ എന്ന കരുതല്‍ ആ പുറപ്പെടാ വാക്കുകള്‍ക്കു മേല്‍ മൌനം കമിഴ്ത്തി.
ഉച്ചരിക്കപ്പെട്ടില്ലെങ്കിലും ആ വാക്കുകള്‍ സത്യമായിരുന്നു. വീട്ടിലെ ഒരുമാതിരി ചെടികളും മരങ്ങളുമെല്ലാം എന്നെ കേട്ടിരുന്നു. ഉരിയാടിയിരുന്നു. ഞാനും മരങ്ങള്‍ക്കിടയില്‍ കേട്ടും പറഞ്ഞും ബാല്യം നടന്നു തീര്‍ത്തു. കളിച്ചു നടന്നു. അമ്മയുമുണ്ടായിരുന്നു മരങ്ങളോടുള്ള ചാര്‍ച്ചയില്‍ എനിക്കൊപ്പം.
പറമ്പിന്റെ വടക്കേ അറ്റത്തുള്ള പ്ലാവില്‍ ചക്ക പിടിക്കാതെ വന്നു. ഉപായം പറഞ്ഞു തന്നത് അമ്മയാണ്. വാക്കത്തി എടുത്ത് മരത്തിന്റെ പുറത്തേക്കുന്തി നില്‍ക്കുന്ന വേരില്‍ മെല്ലെ വെട്ടി, ഭീഷണി മുഴക്കി- “വേഗം ചക്ക പിടിപ്പിച്ചോ… അല്ലെങ്കില്‍ അപ്പച്ചന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോ വെട്ടി അടുപ്പില്‍ വയ്ക്കും”. ഭീഷണി ഫലിച്ചോ എന്നുറപ്പില്ലെങ്കിലും അതിനടുത്ത വര്‍ഷം ആ പ്ലാവില്‍ ചക്കകളേറെ തെഴുത്തു. അമ്മക്കൊപ്പം അതിന്റെ ചോട്ടില്‍ പോയി പിന്നെയും പറഞ്ഞു ചിരിച്ചു: “അപ്പൊ നിനക്ക് പേടിയുണ്ടല്ലേ’ . ചിരിക്കരുത്, അതു കൊണ്ട് തന്നെയാവണം അതില്‍ പിന്നെ, എല്ലാ വര്‍ഷവും ആ പ്ലാവ് മറക്കാതെ കായ്ച്ചത്.


നക്ഷത്രത്തിന് ഒരു കാറ്റാടി വഴി
അകലെ നിന്ന് നോക്കിയാല്‍ കാണാവുന്ന വലിയൊരു കാറ്റാടി മരമായിരുന്നു വീടിന്റെ അടയാളം. കടല്‍ തീരത്ത് നിന്ന് ആ മരം ആരാണ് അവിടെ നട്ടതെന്ന് ആര്‍ക്കുമറിയില്ല. നാട്ടില്‍ മറ്റെവിടെയും ഇത്ര വലിയ കാറ്റാടി മരവുമില്ല. ഓണക്കാലത്ത്, കാറ്റാടിയില പറിക്കാന്‍ ദൂരെ നിന്ന് കുട്ടികളെത്തുമായിരുന്നു. “ആ വലിയ കാറ്റാടി മരമുള്ള വീട്ടിലെ കുട്ടി” എന്ന പരിചയപ്പെടുത്തലില്‍ ഞാനും കാറ്റാടിയോളം പൊങ്ങും. അതിന്റെ കൊലുന്നനെയുള്ള ഇലകള്‍ പൊട്ടിച്ചും ചേര്‍ത്ത് വച്ചും മണിക്കൂറുകളോളം മുറ്റത്തിരുന്നു ഞാന്‍ കാറ്റിലാടി.ക്രിസ്മസ്സിന്, ആ കാറ്റാടി മരത്തിന്റെ തുഞ്ചത്തായിരുന്നു ഞങ്ങളുടെ ചുവന്ന നക്ഷത്രം ഇറങ്ങിനിന്നത്. അമ്മയും ചേച്ചിമാരുമൊക്കെ കോണി വച്ച് കേറി, തുഞ്ചത്ത് നക്ഷത്രം തൂക്കുമ്പോള്‍ സ്നേഹത്തോടെ ചില്ലകള്‍ താഴ്ത്തി തരും, കാറ്റാടി . അതിന്റെ പരുപരുത്ത തോട് കെട്ടിപ്പിടിച്ച് വളര്‍ന്നിരുന്ന നന്ത്യാര്‍വട്ടം അന്നേരമൊന്നു ചിണുങ്ങും. ഇഷ്ടമല്ലായിരുന്നു എനിക്കാ നന്ത്യാര്‍വട്ടത്തെ. കാറ്റാടിയുമായി എന്നേക്കാള്‍ അടുത്താണല്ലോ അതെന്നോര്‍ത്ത് ഞാന്‍ കുശുമ്പിയായി.
ഒരു നാള്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍ മുറ്റത്ത് കാറ്റാടിയില്ല. ബാഗ് പോലും ഇറക്കി വയ്ക്കാതെ, ഞാനോടിച്ചെന്ന് അന്വേഷിച്ചു, എന്തു പറ്റി എന്റെ മരത്തിന്. ഇത്തിരി നേരത്തിനകം ആരും പറയാതെ തന്നെ, സംഗതി വ്യക്തമായി. അയലത്ത് ജോയേട്ടന്റെ കല്യാണം ആണ്. അതിനു പന്തല്‍ ഇടുന്നത് ഞങ്ങളുടെ മുറ്റത്തും. അതിനു വേണ്ടിയാണ് ഈ മരം മുറിക്കല്‍ പരിപാടി. മുറ്റത്തിന്റെ ഒരറ്റത്ത് ഒതുങ്ങി നിന്ന പാവം കാറ്റാടി പന്തലിന് തടസ്സമായതെങ്ങിനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
“അത് പോട്ടെ… നമുക്ക് വേറെ മരം നടാം” എന്നിങ്ങനെ ആശ്വാസ വാക്കുകള്‍ ഏറെ വന്നു. എന്നിട്ടും, എന്‍റെ കുഞ്ഞുമനസ്സിലെ സങ്കടം കുറഞ്ഞില്ല.
ആകാശത്തോളം തലയെടുപ്പുള്ള എന്റെ കാറ്റാടിയാണ്, ഇപ്പോള്‍ ഒരൊറ്റ മുറിപ്പാടായി മണ്ണില്‍ ചേര്‍ന്നത്. ഉറ്റവരാരോ മരിച്ചപോലെ തോന്നി. മുറ്റത്ത് വെട്ടിയിട്ട അതിന്റെ ചില്ലകള്‍ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. ആഴമുള്ളൊരു വിലാപം എന്റെ തൊട്ടടുത്തുണ്ടായിരുന്നു. എന്നും ഞാനസൂയപ്പെടാറുള്ള നന്ത്യാര്‍ വട്ടം. മരണം ബാക്കിയാക്കിയ കാറ്റാടിയുടെ കുറ്റിയെ കെട്ടിപ്പിടിച്ച് ഒച്ചയില്ലാതെ കരയുന്ന നന്ത്യാര്‍വട്ടം എന്റെ വിലാപത്തെ കാറ്റില്‍ പറത്തിക്കളഞ്ഞു.


Painting: Sascalia

 ഞാന്‍ പേരിട്ട മരങ്ങള്‍
മരങ്ങളുടെ കഥകളും വിശേഷങ്ങളും കൊണ്ടായിരുന്നു, കൊരനോടി കുന്നിറങ്ങി വല്യമ്മച്ചിയുടെ വരവ്. വല്യമ്മച്ചിയുടെ പറമ്പ് നിറയെ മരങ്ങളാണ്. ആകെയുള്ള മകളെ പതിനെട്ടാം വയസ്സില്‍ കെട്ടിച്ചയച്ച ശേഷം വല്യമ്മച്ചിക്കും വല്യപ്പച്ചനും കൂട്ട് മരങ്ങള്‍ മാത്രമാണ്. ‘വട്ടം പിടിച്ചാല്‍ എത്താത്ത അത്ര തടിയുള്ള മരങ്ങളുള്ള പറമ്പായിരുന്നു’ എന്ന് പറഞ്ഞ് വല്യമ്മച്ചി കഥ തുടങ്ങും. കണ്ണു മിഴിച്ച്, കാതു കൂര്‍പ്പിച്ച് ഞാനടുത്തിരിക്കും. കുഞ്ഞിക്കൈ കൊണ്ട് വല്യമ്മച്ചിയുടെ പറമ്പിലെ ‘ആനമന്തക്കാച്ചി’ മരത്തെ വട്ടം പിടിക്കാന്‍ നോക്കും.
അവധി ദിവസങ്ങളില്‍ വല്യമ്മച്ചിയുടെ വീട്ടിലാവും. നട്ടുച്ചക്കും വെയില്‍ വീഴാന്‍ മടിക്കുന്ന മുറ്റത്തിരുന്ന് പറമ്പിലെ മരങ്ങളുടെ പേര് ഓര്‍ക്കാന്‍ ശ്രമിക്കും. നടക്കില്ല. അറിയാത്ത മരങ്ങള്‍ പേരറിയാത്ത എന്നെ പുച്ഛിച്ച് കണ്ണിറുക്കും. ആഹാ, കാണിച്ചു തരാമെന്ന് പറഞ്ഞ് ഞാനാ തീരുമാനത്തിലെത്തും. ഓരോ മരത്തിനും ഞാനിടും പേര്. എന്റെ മരം. എന്റെ സ്വന്തം പേര്. എനിക്കു പേരിടാന്‍ ഇതാ ഒരു ഏദന്‍ തോട്ടം .
സ്കൂളില്‍ പോകുന്ന വഴി തോട് കടന്ന്, പാടം കടന്ന്, റബ്ബര്‍ തോട്ടവും കഴിഞ്ഞുള്ള വളവില്‍ നിന്ന പുളിമരമായിരുന്നു എന്റെ മറ്റൊരു കൂട്ട്. കായ്ച്ച മരമെങ്കില്‍ , വിശപ്പോടെ ചോദിച്ചാല്‍ അതു വയറു നിറക്കാന്‍ വല്ലതും തരുമെന്ന് പറഞ്ഞുതന്നത് അമ്മയായിരുന്നു. അത് സത്യമാണോ എന്നറിയാന്‍ ഒരിക്കല്‍ ഞാനൊരു പരീക്ഷണം നടത്തി. സ്കൂളിലേക്ക് പോകുന്ന വഴി പുളിമരത്തിന്റെ ചോട്ടിലെത്തിയപ്പോള്‍ ആരും കാണാതെ പുളിമരത്തെ നോക്കി പറഞ്ഞു. ‘ നോക്ക്, ചതിക്കരുത്. സ്കൂള്‍ വിട്ട് വിശന്നു വരുമ്പോള്‍ കഴിക്കാന്‍ ഒരു പുളിയെങ്കിലും തരണം’. പെട്ടെന്നെത്തിയ കാറ്റില്‍ മരം തല കുലുക്കി. വാക്കു തെറ്റിച്ചില്ല, അത്. ആ പരീക്ഷാക്കാലം കഴിയുന്നത് വരെ ഞാനും രേഖക്കുട്ടിയും സ്കൂള്‍ വിട്ട് വരുമ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ പാകത്തിന് കൃത്യം രണ്ട് പുളി, വണ്ടി കേറാതെ, വഴിപോക്കരൊന്നും ചവുട്ടാതെ അവിടെ കാത്തു കിടന്നു. സ്കൂള്‍ യാത്രയുടെ രഹസ്യ വിശേഷങ്ങളില്‍ ഒന്ന് നാല് മണിക്കുള്ള ഈ പുളി പെറുക്കലും കഴിക്കലും ആയിരുന്നു.


Painting: Vincent van Gogh

 മരണം കാതോര്‍ത്ത് ചില ഇലയനക്കങ്ങള്‍
നാട്ടുമരങ്ങളും കാട്ടുമരങ്ങളും കടന്ന് നഗരങ്ങളിലെ മരങ്ങളോട് പ്രണയം തോന്നിത്തുടങ്ങിയത് ഡിഗ്രിപഠന കാലത്താണ്. ടൌണിലെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തപ്പോള്‍ ചെന്നെത്തിയത് മരങ്ങള്‍ക്കരികിലേക്കാണ്. അമ്മയും വല്യമ്മമാരുമൊക്കെ വിറകിനു പോയിരുന്ന കാട്ടിലെ മരങ്ങളുടെ വന്യതയോ, സ്കൂള്‍ മുറ്റത്തെ സിമന്റ് തിണ്ണയില്‍ കുട പിടിച്ച് നിന്ന മുത്തശ്ശി മാവിന്റെ വാത്സല്യമോ ആയിരുന്നില്ല നഗരചൂടില്‍ അരിശത്തോടെ നിന്ന മരങ്ങള്‍ക്ക്. കൂട്ടം തെറ്റി ഒറ്റപ്പെട്ടു പോയതിന്റെ ദൈന്യതയും ഭയപ്പാടും ഒറ്റനോട്ടത്തില്‍ അവര്‍ പറഞ്ഞു വച്ചു. ഒരു പാതയിരട്ടിക്കലോ, കെട്ടിടമുയരലോ മാത്രം മതി ഇല്ലാതാവാന്‍ എന്ന് അവയ്ക്കും അറിയുമായിരുന്നു എന്നു തോന്നി.
തൃശൂര്‍ ടൌണില്‍ വന്നിറങ്ങിയാല്‍, നേരെ കര പറ്റുന്ന ഒരിടമേ ഉള്ളു. സാഹിത്യ അക്കാദമി കാമ്പസ്. ഒറ്റക്കും കൂട്ടമായും അവിടെ ഉണ്ടാകാറുള്ള ചങ്ങാതിമാരുടെ സൌഹൃദത്തിന്റെ ഊഷ്മളത മാത്രമല്ല അങ്ങോട്ടേക്ക് വലിച്ചടുപ്പിച്ചത്. ആ കുഞ്ഞു വളപ്പിനുള്ളില്‍ കുട പിടിച്ച് നില്‍ക്കുന്ന പല മരങ്ങളുടെ പച്ചയനക്കങ്ങളും ആശ്രയവും കൂടിയാണ്. അരമതില്‍ കെട്ടി നിറുത്തിയ ഇത്തിരി ഭൂമിക്ക് ഒരു കാവിന്റെ ഹൃദയമിടിപ്പുണ്ട്. ചവുട്ടി നില്‍ക്കുന്ന കരിയിലപ്പുതപ്പിനടിയില്‍ നൂറുകോടി ജീവാണുക്കളുണ്ട്. ഹൃദയം തുറന്ന് പാടുന്ന കവിതയ്ക്ക് താളം പിടിക്കാന്‍ കാറ്റലയുടെ ചിരിയുണ്ട്.


Painting: Frida Kahlo

 പെണ്‍മരം
ഒരിക്കല്‍, പ്രണയത്തിന്റെ ഒറ്റവരിപ്പാതയില്‍ ആഴത്തില്‍ തനിച്ചായപ്പോള്‍ ആരും കാണാതെ ഇങ്ങോട്ടേക്ക് വന്നു. ഉള്ളിലെ എല്ലാ ശൂന്യതകളും ഒന്നിച്ചു വന്നു നിറഞ്ഞപ്പോള്‍ ആ മരത്തണലിലിരുന്ന് പെയ്തു. കണ്ണീരിന്റെ ഇടവപ്പാതിയെ ഒട്ടും വൈകാതെ ഒരു കാറ്റെടുത്തു പോയി. അറ്റമില്ലാത്ത വേനല്‍ പോലെ തോന്നിച്ച ആ നാളുകളില്‍ കാലുവെയ്ക്കുന്നിടത്തെല്ലാം മരങ്ങള്‍ തണലു നീട്ടി. സ്വയം പകര്‍ത്തിയതു പോലെ ഒപ്പം നടന്നൊരു കൂട്ടുകാരിയെ ക്യാന്‍സര്‍ കവര്‍ന്നപ്പോള്‍ ഒറ്റനിമിഷം കൊണ്ട് തോര്‍ന്നു പോയതും ഇവിടെയായിരുന്നു.
എങ്ങു നിന്നൊക്കെയോ വന്ന് നമ്മെ ഹൃദയത്തിന്റെ ഭാഗമായി മാറ്റുന്ന സൌഹൃദപ്പച്ച പോലെ എന്നുമുണ്ടായിരുന്നു വഴികളിലെല്ലാം പേരറിയാത്ത മരങ്ങള്‍. ഒറ്റനോട്ടത്തില്‍ കൂട്ടുകൂടുന്ന പല തരം ചെടികള്‍. ഏതു വെയിലിലും ആശ്രയമായി തണലിന്റെ ഇത്തിരിയിടം. ഏതു മഴയത്തും കേറി നില്‍ക്കാനൊരിടം. ചിലപ്പോള്‍ തോന്നും മരമേ, എനിക്കുമാവണം നിന്നെപ്പോലൊരു തണല്‍. ഓരോ പൂവും നിറഞ്ഞു ചിരിക്കുന്നൊരു പെണ്‍മരം. വേരുകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന, പച്ചിലകളാല്‍ ആകാശത്തെ സ്പര്‍ശിക്കുന്ന, ഉള്‍ക്കാമ്പുള്ള ഒരു പെണ്‍മരം!

('നാലാമിട' ത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്)